സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ പ്രചരിച്ച ചിത്രം ദാമോദര മേനോന്റേത് തന്നെ; സ്ഥിരീകരിച്ച് കേരള പൊലീസ്

തൃശൂർ: ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റേതെന്ന പേരിൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പാസ്‌പോർട്ട് ചിത്രങ്ങൾ തൃശൂർ സ്വദേശിയായ ദാമോദര മേനോന്റേത് തന്നെയാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു.

ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുള്ളതിന്റെ രേഖകൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രചരിച്ച ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നും ദാമോദര മേനോന്റേത് തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചത്.

പതിറ്റാണ്ടുകളായി കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് എവിടെയെന്ന ചോദ്യത്തിന് നിർണായക സൂചനകളെന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസം ചില ചിത്രങ്ങൾ പുറത്തുവന്നത്. സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ള ഒരാളെ ബ്രൂണെയിൽ കണ്ടെത്തിയെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. ഈ റിപ്പോർട്ടുകൾക്കൊപ്പമാണ് ദാമോദര മേനോന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.

എന്നാൽ, പിന്നാലെ പ്രചരിക്കുന്ന ചിത്രം തന്റെ സഹോദരന്റേതാണെന്ന് വ്യക്തമാക്കി തൃശൂർ സ്വദേശിയായ ഒരാൾ രംഗത്തെത്തി. 26 വർഷം മുമ്പാണ് ദാമോദര മേനോൻ അവസാനമായി നാട്ടിലെത്തിയതെന്നാണ് വിവരം.

പ്രചരിച്ച ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾക്കൊടുവിൽ കേരള പൊലീസ് നടത്തിയ പരിശോധനയോടെയാണ് ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്ന് വ്യക്തമായത്.

ph