സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട്ട്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബർ 24 മുതൽ 29 വരെയാണ് സംസ്ഥാനതല കായികമേള നടക്കുക. പതിനായിരത്തിലേറെ വിദ്യാർഥികൾ വിവിധ മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും.

എൻഐടി ഗ്രൗണ്ടായിരിക്കും മേളയുടെ പ്രധാന വേദി. സെപ്റ്റംബർ ആറിന് നടക്കുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും.

കഴിഞ്ഞ തവണ സംസ്ഥാന സ്കൂൾ കായികമേള നടന്നത് തിരുവനന്തപുരത്തായിരുന്നു. അന്ന് ചാമ്പ്യൻഷിപ്പ് കിരീടവും തിരുവനന്തപുരത്തിനായിരുന്നു. ഇത്തവണ സ്വന്തം നാട്ടിൽ കിരീടം നേടാനുള്ള ഒരുക്കത്തിലാണ് കോഴിക്കോട്.