തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സെപ്റ്റംബർ 10 മുതൽ 12 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സെപ്റ്റംബർ 10: ആലപ്പുഴ, എറണാകുളം
സെപ്റ്റംബർ 11: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം
സെപ്റ്റംബർ 12: പത്തനംതിട്ട, ഇടുക്കി, പാലക്കാട്
24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാവുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ബംഗാൾ ഉൾക്കടലിന്റെ മധ്യപടിഞ്ഞാറൻ മേഖലയിലും ആന്ധ്ര തീരത്തോടു ചേർന്നും ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. സെപ്റ്റംബർ 11ഓടെ ഇതേ മേഖലയിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ സെപ്റ്റംബർ 12 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മലയോര മേഖലകളിലും മഴവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
