സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്; സർവീസുകൾ നിർത്തിവെക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. സർവീസുകൾ നിർത്തിവെച്ച് സമരം നടത്താൻ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും വീണ്ടും കാണുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു.

മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ഡീസലിന് സബ്സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസുടമകൾ പ്രധാനമായും ഉന്നയിക്കുന്നത്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ സർക്കാർ ഇടപെടുന്നില്ലെന്നാണ് ഉടമകളുടെ ആരോപണം.

പ്രിയദർശിനി പദ്ധതി മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടെ സ്വകാര്യ ബസ് മേഖലയ്ക്ക് 120 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി സംഘടനകൾ അവകാശപ്പെടുന്നു. സമരത്തിന്റെ കൃത്യമായ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നാണ് വിവരം.