ദേശീയപാതാ പദ്ധതികള്‍: സ്ഥലം ഏറ്റെടുപ്പിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും; ജിഎസ്ടി ഒഴിവാക്കിയേക്കും

ന്യൂദല്‍ഹി: കേരളത്തിലെ ദേശീയപാതാ പദ്ധതികളില്‍ നിര്‍മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണയിലേക്കെന്ന് സൂചന.

ജിഎസ്ടി ഒഴിവാക്കിയാല്‍ സ്ഥലം ഏറ്റെടുപ്പിനുള്ള സംസ്ഥാന വിഹിതം വേണ്ടെന്നുവയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്നും ഇക്കാര്യത്തില്‍ സംസ്ഥാനവുമായി ഒത്തുതീര്‍പ്പിലെത്തിയതായും കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയെ അറിയിച്ചു. കേരളത്തിലെ ദേശീയപാതാ പദ്ധതികളുടെ ഗതിവേഗം വര്‍ധിപ്പിക്കുന്നതാണ് തീരുമാനം.

നിര്‍മാണ സാമഗ്രികള്‍ക്ക് സംസ്ഥാനം ജിഎസ്ടി ഒഴിവാക്കിയാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന്റെ മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നിതിന്‍ ഗഡ്കരി അറിയിച്ചിരുന്നു. വന്‍തുക നഷ്ടപരിഹാരം നല്കി കേരളത്തില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരുന്നത് ദേശീയപാതാ പദ്ധതികളെ ബാധിച്ചിരുന്നു. സ്ഥലം ഏറ്റെടുക്കാന്‍ അധികമായി വരുന്ന തുക കേരളം നല്കാമെന്നായിരുന്നു ധാരണ. പക്ഷേ ഇതുവരെ ആകെ കേരളം കൈമാറിയത് 5000 കോടി മാത്രം. എന്നാല്‍ പദ്ധതികള്‍ക്കു ഭൂമി വിലയിനത്തില്‍ അതിന്റെ പതിന്മടങ്ങ് ചെലവുവന്നതോടെയാണ് ജിഎസ്ടി ഒഴിവാക്കണമെന്ന നിര്‍ദേശം ഗഡ്കരി മുന്നോട്ടുവച്ചത്.

ഒരു കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയാക്കാന്‍ കേരളത്തില്‍ 95 കോടി വരുന്നുണ്ട്. ഒരു കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കാന്‍ മാത്രം 50 കോടിയാണ്. സിമന്റിന്റെയും സ്റ്റീലിന്റെയും 18 ശതമാനം ജിഎസ്ടിയില്‍ സംസ്ഥാന വിഹിതമായ ഒന്‍പതു ശതമാനം ഒഴിവാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. മണലിന്റെയും മറ്റുമുള്ള റോയല്‍റ്റിയും കേരളം ഒഴിവാക്കണം.കേരളത്തിലെ ദേശീയപാതാ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും എത്ര ലക്ഷം കോടി രൂപ വേണമെങ്കിലും ചെലവഴിക്കാമെന്നും ഗഡ്കരി ഇന്നലെ ലോക്സഭയില്‍ ആവര്‍ത്തിച്ചു. ഭൂമി ഏറ്റെടുക്കല്‍ കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബുദ്ധിമുട്ടാണ്. കേരളം നല്കിയ 5,000 കോടിക്കു പുറമേ പുതിയ പദ്ധതികള്‍ക്കു തുക കൊടുക്കാനാകില്ലെന്ന് സംസ്ഥാനം അറിയിച്ചു.

ഈ സാഹചര്യത്തില്‍ റോയല്‍റ്റിയും ജിഎസ്ടിയും ഒഴിവാക്കിയുള്ള ഒത്തുതീര്‍പ്പിലെത്തി. ആ നിലയില്‍ തുടര്‍ന്നുള്ള പദ്ധതികളിലും സഹകരണമുണ്ടാകും. കൊച്ചി-തേനി ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ ഡിപിആര്‍ അംഗീകരിക്കുന്ന മുറയ്‌ക്ക് പദ്ധതി ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.