തിരുവനന്തപുരം: മലയാളിയെ ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇന്നത്തെ മിക്ക പത്രങ്ങളുടെയും മുന്‍പേജില്‍ വന്നത്. മലയാള മനോരമ അടക്കമുള്ള പത്രങ്ങളിലെ പ്രധാന വാര്‍ത്ത രാജ്യത്ത് കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകള്‍ അവസാനിപ്പിച്ചെന്നും ഇനി ഡിജിറ്റല്‍ കറന്‍സി വഴിയാണ് എല്ലാ ഇടപാടും എന്നതായിരുന്നു. നോട്ടു നിരോധനത്തേക്കാള്‍ വലിയ വാര്‍ത്ത വായിച്ച് പലരും ഞെട്ടി. ‘നോട്ടേ വിട: ഇനി ഡിജിറ്റല്‍ കറന്‍സി’ എന്ന പ്രധാന തലക്കെട്ടും ‘മാറ്റത്തിന്റെ കാറ്റില്‍പറന്ന് പേപ്പര്‍ കറന്‍സി’ എന്ന സബ് ഹെഡ്ഡിഗും സഹിതമായിരുന്നു വാര്‍ത്ത.
ഈ വാര്‍ത്തയിലെ ഉള്ളടകം രാജ്യത്ത് പേപ്പര്‍ കറന്‍സി നിരോധിച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചെന്ന വിധത്തിലുള്ളതായിരുന്നു. ഫെബ്രുവറി ഒന്ന് മുതല്‍ പേപ്പര്‍കറന്‍സികള്‍ രാജ്യത്ത് ഉണ്ടാകില്ലെന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. പത്രത്തിന്‍രെ ഒന്നാം പേജിലെ വാര്‍ത്ത വായിച്ചവര്‍ ആദ്യം ഞെട്ടി. പിന്നീട് മറ്റു വാര്‍ത്തകളിലേക്കും കണ്ണോടിച്ചതോടെയാണ് സംഗതി മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് മനസിലായത്.ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ പരസ്യമായിരുന്നു ഇത്. കൊച്ചി ഡീംഡ് യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ന്റെ പ്രചാരണാര്‍ഥം സൃഷ്ടിച്ച സാങ്കല്‍പ്പിക വാര്‍ത്തകളാണ് മാര്‍ക്കറ്റിംഗ് ഫീച്ചറായി നില്‍കിത്. 2050ല്‍ പത്രങ്ങളുടെ മുന്‍പേജ് എങ്ങനെയായിരിക്കും എന്നതാണ് ഭാവനയാണ് മാര്‍ക്കറ്റിംഗ് ഫീച്ചറില്‍ ഉള്‍കൊള്ളിച്ചത്. പത്രങ്ങളുടെ മുന്‍പേജില്‍ തന്നെ മാര്‍ക്കറ്റിംഗ് ഫീച്ചറാണെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് ഒറ്റയടിക്ക് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.ഇതോടെ വാര്‍ത്ത വായിച്ചു ഞെട്ടിയ പലരും ആശങ്കപ്പെട്ടു. പരസ്യമാണെന്ന് മനസ്സിലാക്കിയതോടെ പത്ര ഓഫീസുകളിലേക്ക് വായനക്കാരുടെ വിളികള്‍ തുടരുകയാണ്. വാര്‍ത്ത കേട്ട് ഞെട്ടി സത്യമാണെന്ന് ധരിച്ചവരും പരസ്പ്പരം വിളിച്ചു. പത്ര ഓഫീസുകളിലേക്കും ഫോണ്‍വിളികളെത്തി. ആളുകളെ കബളിപ്പിക്കുന്ന വിധത്തിലാണ് പരസ്യം നല്‍കിയതെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.