കോഴിക്കോട്: വിവാഹ വാഗ്‌ദാനം നൽകി ഡോക്‌ടറുടെ ലാപ്ടോപ്പും, പണവും തട്ടിയ രണ്ടുപേർ അറസ്‌റ്റിൽ. മലപ്പുറം എടയാറ്റൂർ സ്വദേശികളായ മുഹമ്മദ് സലിം (38) മജീദ് (49), എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്‌റ്റു ചെയ്‌തത്. കാസർകോട് സ്വദേശിനിയായ ഇർഷാന എന്ന യുവതിയെ വിവാഹം കഴിച്ചുതരാമെന്ന് തിരുവനന്തപുരം സ്വദേശിയായ ഡോക്‌ടർക്ക് വാഗ്‌ദാനം നൽകുകയായിരുന്നു. 2024 ഫെബ്രുവരിയിൽ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനടുത്തുള്ള ലോഡ്‌ജിൽ വച്ചാണ് വിവാഹ വാഗ്‌ദാനം നടത്തിയത് കേസിലെ ഒന്നാംപ്രതിയായ കാസർകോട് സ്വദേശിനി ഇർഷാനയെ പൊലീസ് നേരത്തേ അറസ്‌റ്റു ചെയ്‌ത് കോടതി ഇവരെ റിമാൻഡ് ചെയ്‌തിരുന്നു. ഇർഷാനയെ കാണിച്ച് വേറെയും വിവാഹ നാടകങ്ങൾ നടത്തിയോ എന്നതിലും അന്വേഷണം നടക്കും. നടക്കാവ് ഇൻസ്‌പെക്‌ടർ ബൈജു കെ ജോസ്, എഎസ്ഐ ശ്രീകാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഖിൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്‌റ്റു ചെയ്‌തത്. കോടതി ഇരുവരെയും റിമാൻഡ് ചെയ്‌തു