മുണ്ടക്കൈ ദുരന്തം: കൂട്ടായ്മ തുണയായി; വേണം പരിശീലനവും മുന്‍കരുതലും

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ടായ ഉരുള്‍പൊട്ടല്‍, രക്ഷാ പ്രവര്‍ത്തന മേഖലയിലും ചികിത്സാ രംഗത്തും അതു തന്ന പാഠം, തുടര്‍ന്ന് കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ എന്നിവ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന ആസ്റ്റര്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെഡിസിന്‍ കോണ്‍ക്ലേവ് വിലയിരുത്തി. കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന ‘Resilience – The Wayanad Experience’ എന്ന പാനല്‍ ചര്‍ച്ചയാണ് ഇക്കാര്യം വിലയിരുത്തിയത്.

ശാസ്ത്രീയമായ രക്ഷാ പ്രവര്‍ത്തനവും ചികിത്സയും ലഭ്യമാക്കുക എന്നതാണ് പരമപ്രധാനം. എല്ലാ മേഖലയും കൈകോര്‍ത്തുകൊണ്ടുള്ള കൂട്ടായ പ്രവര്‍ത്തനം ഒഴിച്ചു കൂടാത്തതാണ്. മുണ്ടക്കൈ ദുരന്തത്തില്‍ ജില്ലാ ഭരണകൂടവും സര്‍ക്കാര്‍ മേഖലയിലേയും സ്വകാര്യമേഖലയിലേയും ആരോഗ്യ പ്രവര്‍ത്തകരും സംവിധാനങ്ങളും, രക്ഷാ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒറ്റക്കെട്ടായി നിന്ന് പ്രവര്‍ത്തിച്ചു. അതിനാല്‍ അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയ 440 പേരില്‍ ഒരാള്‍ക്കു പോലും ജീവന്‍ നഷ്ടമായില്ല. ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ സര്‍വ്വീസിലെ ഡോക്ടര്‍മാരും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിനു കീഴിലെ ഡോക്ടര്‍മാരും ഒറ്റ മനസായി പ്രവര്‍ത്തിച്ചു. സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ മിഷിനറി ജാഗരൂകരായി നിലകൊണ്ടു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാന്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ തയ്യാറാവുകയും ചെയ്തു. ഇത്തരം കൂട്ടായ പ്രവര്‍ത്തനമാണ് പരിക്കേറ്റവരെ മരണത്തില്‍ നിന്ന് കൈപിടിച്ചുയര്‍ത്താന്‍ സഹായകമായതെന്ന് യോഗം വിലയിരുത്തി.

കേരളത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. അതിനെ തടയാനാവില്ലെങ്കിലും നേരിടുന്നതിനുള്ള സുരക്ഷിതമായ രക്ഷാ പ്രവര്‍ത്തങ്ങള്‍ക്കായുള്ള പരിശീലനങ്ങള്‍ വ്യാപകമാക്കേണ്ടതുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിലും, ശാസ്ത്രീയമായ രീതിയില്‍ പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുന്ന കാര്യത്തിലും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതുണ്ട്. ഇതോടൊപ്പം ദുരന്ത മേഖലയിലെ രക്ഷാ പ്രവര്‍ത്തനം കൂടുതല്‍ കുറ്റമറ്റതാക്കുന്നതിനായി മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കണമെന്നും ചര്‍ച്ച വിലയിരുത്തി.

ചര്‍ച്ചയില്‍ ‘എമര്‍ജന്‍സ് 3.0’ ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ എമര്‍ജന്‍സി മെഡിസിന്‍ ഡയറക്ടറുമായ ഡോ.പി.പി. വേണുഗോപാല്‍, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് എമര്‍ജന്‍സി മെഡിസിന്‍ മേധാവി ഡോ. ജിനേഷ്.വി, കൊച്ചി ആസ്്റ്റര്‍ മെഡിസിറ്റി എമര്‍ജന്‍സി മെഡിസിന്‍ മേധാവി ജോണ്‍സണ്‍ കെ. വര്‍ഗീസ്, വയനാട് ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഡോ, ഷാനവാസ് പള്ളിയാല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ, മനോജ് മേനോന്‍, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പോള്‍ പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.