ന്യൂഡല്‍ഹി: ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ശനിയാഴ്‌ച സൗദി അറേബ്യയിലേക്ക് തിരിച്ചു. 2025 ലെ ഹജ്ജ് തീർഥാടനത്തിനുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കുന്നതിനായി അഞ്ച് ദിവസത്തെ സന്ദർശനത്തിനാണ് കേന്ദ്രമന്ത്രി സൗദിയില്‍ എത്തുന്നത്. ഇന്ത്യയില്‍ നിന്നും ഹജ്ജ് തീർഥാടകർക്ക് അധിക ക്വാട്ട 10,000 ആവശ്യപ്പെടും.
സൗദി അറേബ്യൻ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റബിയയെ തിങ്കളാഴ്‌ച റിജിജു കാണും. ഇരു നേതാക്കളും ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കും. 2025 ലെ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ഉഭയകക്ഷി കരാറിൽ ഒപ്പുവയ്‌ക്കുന്നതിനും ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും സൗദി അറേബ്യ സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് റിജിജു എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
സൗദി ഗതാഗത, ലോജിസ്റ്റിക് സർവീസസ് മന്ത്രി സാലിഹ് അൽ ജാസറുമായും റിജിജു കൂടിക്കാഴ്‌ച നടത്തും. ഹജ്ജ് വിമാന സര്‍വീസുകളെ കുറിച്ചും, തീർഥാടനവുമായി ബന്ധപ്പെട്ട ബസ്, ട്രെയിൻ സർവീസുകളെക്കുറിച്ചും ഇരുവരും ചർച്ച നടത്തും.ഇന്ത്യൻ തീർഥാടകർ ഉപയോഗിക്കുന്ന ജിദ്ദ ഹജ്ജ് ടെർമിനലും റിജിജു സന്ദർശിക്കും, ടെര്‍മിനലില്‍ സർക്കാർ സേവനങ്ങള്‍ ലഭ്യമാക്കാൻ ഒരു ഓഫിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. 2025-ലെ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1,75,025 തീർഥാടകരായി നിശ്ചയിച്ചിട്ടുണ്ട്, ഈ വർഷത്തെ തീർഥാടനത്തിന് 10,000 അധിക ക്വാട്ടകള്‍ കൂടി അനുവദിക്കാൻ കേന്ദ്രം ആവശ്യപ്പെടും.
റിജിജു മദീനയും സന്ദർശിക്കും, ഖുബയിലെയും ഖുബ്ലാറ്റൈനിലെയും പള്ളികൾ അദ്ദേഹം സന്ദർശിക്കും. സന്ദർശന വേളയിൽ, മക്ക മേഖല ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സൽമാൻ രാജാവിന്‍റെ ഉപദേഷ്‌ടാവും മദീന ഗവർണറുമായ പ്രിൻസ് ഖാലിദ് അൽ ഫൈസൽ ബിൻ അബ്‌ദുല്‍ അസീസ് അൽ സൗദുമായും റിജിജു കൂടിക്കാഴ്‌ച നടത്തും.
സർക്കാരിന്‍റെ 2025-ലെ ഹജ്ജ് നയം അനുസരിച്ച്, ഇന്ത്യയ്ക്ക് അനുവദിച്ചിട്ടുള്ള മൊത്തം ഹജ്ജ് തീർഥാടക ക്വാട്ടയിൽ 70 ശതമാനം ഇന്ത്യൻ ഹജ്ജ് കമ്മിറ്റി കൈകാര്യം ചെയ്യും, ബാക്കി 30 ശതമാനം സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘാടകർക്കായി നീക്കിവയ്ക്കും.