ന്യൂഡൽഹി: അഞ്ചാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന സമ്പ്രദായം അവസാനിപ്പിച്ച് കേന്ദ്രസർക്കാർ. വർഷാവസാന പരീക്ഷകളില്‍ വിജയിക്കാത്ത കുട്ടികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നല്‍കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ കേന്ദ്രസർക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളിലെ 5, 8 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ വർഷാവസാന പരീക്ഷകളില്‍ വിജയിച്ചില്ലെങ്കില്‍ അതേ ക്ലാസില്‍ തന്നെ ഒരു വർഷം കൂടി പഠിക്കേണ്ടി വരും.
അതേസമയം, ഫലം വന്ന് രണ്ട് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ എഴുതാൻ പരാജയപ്പെട്ട വിദ്യാർത്ഥികള്‍ക്ക് അവസരം നല്‍കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. ഇതിനായി വർഷാവസാന പരീക്ഷകളില്‍ പരാജയപ്പെടുന്ന വിദ്യാർഥികള്‍ക്ക് അധിക പരിശീലനം നല്‍കുന്നതിനും സംവിധാനമൊരുക്കും. എന്നാല്‍, പുനഃപരീക്ഷയിലും പരാജയപ്പെട്ടാല്‍ ക്ലാസ് കയറ്റം അനുവദിക്കില്ല. വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള മൂവായിരത്തിലധികം സ്‌കൂളുകള്‍ക്ക് ഈ വിജ്ഞാപനം ബാധകമാകുമെന്ന് സ്കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ അറിയിച്ചു. സ്കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. 2019-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആർടിഇ) ഭേദഗതിക്ക് ശേഷം 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 5, 8 ക്ലാസുകളിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന ‘നോ ഡിറ്റൻഷൻ നയം’ ഒഴിവാക്കിയിരുന്നു.