കോഴിക്കോട്: സംരംഭകത്വത്തിനും പുതിയ സംരംഭങ്ങൾക്കും നിക്ഷേപ സാധ്യതകൾക്കും പുതിയ വാതിലുകൾ തുറക്കുന്നതിനായി ‘സീക്കോൺ 26’ ബിസിനസ് സമ്മിറ്റ് സെപ്റ്റംബർ ഒന്നിന് കോഴിക്കോട് നടക്കും. രാജ്യത്തെ പ്രമുഖ വ്യവസായികളും സംരംഭകരും നിക്ഷേപകരും പങ്കെടുക്കുന്ന സമ്മിറ്റിൽ ആയിരത്തിലധികം സംരംഭകരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബർ ഒന്നിന് രാവിലെ 8.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് സി.പി. അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും.
സമ്മിറ്റിന്റെ ഭാഗമായി മലബാറിലെ മുതിർന്ന വ്യവസായികളായ പി.വി. ചന്ദ്രൻ, പി.കെ. ഹമ്മോദ്, ഡോ. കെ. മൊയ്തു, കുറ്റൂർ അബ്ദുറഹ്മാൻ ഹാജി എന്നിവരെ ചടങ്ങിൽ ആദരിക്കും.
എം.കെ. രാഘവൻ എം.പി., അഡ്വ. കെ. ജയന്ത് എം.എൽ.എ., അഡ്വ. പ്രവീൺകുമാർ എം.എൽ.എ., അഡ്വ. ഫൈസൽ ബാബു എം.എൽ.എ., എ.പി. കരീം ഹാജി, ഒ.എം.എ. റഷീദ് എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.
രാവിലെ 9 മുതൽ വൈകിട്ട് 6 വരെ നടക്കുന്ന ബിസിനസ് സമ്മിറ്റിൽ വ്യവസായ രംഗത്തെ പ്രമുഖർ, നിക്ഷേപകർ, സ്റ്റാർട്ടപ്പ് പ്രതിനിധികൾ, യുവ സംരംഭകർ എന്നിവർ പങ്കെടുക്കും. സംരംഭകർക്കായി നിക്ഷേപ സാധ്യതകൾ, പുതിയ ബിസിനസ് ആശയങ്ങൾ, മാർക്കറ്റിങ് തന്ത്രങ്ങൾ, നെറ്റ്‌വർക്കിങ് അവസരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകളും ചർച്ചകളും സംഘടിപ്പിക്കും.
പ്രമുഖ സംരംഭകരുമായും നിക്ഷേപകരുമായും നേരിട്ട് സംവദിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വിവിധ വ്യവസായ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങളും സ്റ്റാർട്ടപ്പുകളും പങ്കെടുക്കുന്ന ബിസിനസ് എക്‌സ്‌പോയും സംഘടിപ്പിക്കും. പുതിയ സംരംഭങ്ങൾക്ക് ആവശ്യമായ പിന്തുണയും മാർഗനിർദേശവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘സീക്കോൺ 26’ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
‘സീക്കോൺ 26’ ചീഫ് പാട്രൺ പി.എം.എസ്. സമീർ എം.എൽ.എ., സംഘാടക സമിതി ചെയർമാൻ ഡോ. ഷാഹുൽ ഹമീദ് സി.പി., കൺവീനർ എൻജിനീയർ ഷമീം കെ., പ്രോഗ്രാം ഡയറക്ടർ മുഹമ്മദ് സഫ്വാൻ എം.കെ., ഒ.എം.എ. റഷീദ്, ജഗദീഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
