കണ്ണീരോടെ മന്ത്രിസഭ; ബിഹാർ മുഖ്യമന്ത്രി പദമൊഴിഞ്ഞ് നിതീഷ് കുമാർ ഇനി രാജ്യസഭയിലേക്ക്

പാറ്റ്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ തൻ്റെ രാജിക്കാര്യം മന്ത്രിമാരെ അറിയിച്ചതോടെ, അദ്ദേഹത്തിൻ്റെ അവസാന ക്യാബിനറ്റ് യോഗത്തില്‍ ഏറെ വൈകാരികമായ രംഗങ്ങള്‍ അരങ്ങേറി. ബിഹാറിൻ്റെ വികസനത്തിനായി നൽകിയ സംഭാവനകൾക്ക് കൈകൂപ്പിയും ഈറനണിഞ്ഞ കണ്ണുകളോടെയും മന്ത്രിമാർ അദ്ദേഹത്തിന് നന്ദി പറഞ്ഞു. സഹകരണത്തിന് അദ്ദേഹം തിരിച്ചും നന്ദി അറിയിച്ചു.

രാവിലെ 11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന യോഗം ഏതാനും മിനിറ്റുകൾ വൈകിയാണ് തുടങ്ങിയത്. വെറും 15 മിനിറ്റ് മാത്രമേ ഇത് നീണ്ടുനിന്നുള്ളൂ. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാ‌നുള്ള തീരുമാനം നിതീഷ് മന്ത്രിസഭയെ അറിയിച്ചു. ബിഹാറിൻ്റെ വികസനത്തിന് അദ്ദേഹം നൽകിയ വലിയ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം മന്ത്രിമാർ ഐകകണ്ഠ്യേന പാസാക്കി.

ബിഹാറിൽ നിന്നുള്ള രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുത്തു. തൻ്റെ മന്ത്രിസഭയിലെ സഹപ്രവർത്തകർക്കും ജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നിതീഷ് നന്ദി അറിയിച്ചു. അദ്ദേഹം തൻ്റെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോൾ അത് വളരെ വൈകാരികമായ നിമിഷമായി മാറി. യോഗത്തിലുണ്ടായിരുന്ന എല്ലാവരും വികാരാധീനരാകുകയും കൈകൂപ്പി നന്ദി പറയുകയും ചെയ്‌തു.

onwin