സിഇപിഎല്ലിന്റെ സി.ഡി.പി. പദ്ധതിയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് സൗജന്യ മെഡിക്കൽ, തെറാപ്പി സഹായ ഉപകരണങ്ങൾ വിതരണം

കോഴിക്കോട് : ജൂലൈ 29: കാലിക്കറ്റ് എക്സ്പ്രസ്‌വേ പ്രൈവറ്റ് ലിമിറ്റഡിന്റെ (CEPL) കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (CDP) ഭാഗമായി, ഇന്ദ്രാശ്മി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കോഴിക്കോട് മലാപ്പറമ്പിലെ ഇഖ്റാ–തണൽ ഏർലി ഇന്റർവെൻഷൻ സെന്റർ, പ്രശാന്തി സ്കൂൾ, കനിവ് സ്കൂൾ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി സൗജന്യ മെഡിക്കൽ, തെറാപ്പി സഹായ ഉപകരണങ്ങളുടെ വിതരണ ചടങ്ങ് സംഘടിപ്പിച്ചു.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രത്യേക പരിഗണന ആവശ്യമായ കുട്ടികൾക്ക് ആവശ്യമായ മെഡിക്കൽ, തെറാപ്പി സഹായ ഉപകരണങ്ങൾ ലഭ്യമാക്കി അവരുടെ വിദ്യാഭ്യാസവും പുനരധിവാസവും ദൈനംദിന ജീവിതവും കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളുടെ കൂട്ടായ പങ്കാളിത്തത്തിലൂടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക എന്ന സന്ദേശവും പരിപാടി മുന്നോട്ടുവച്ചു.

ചടങ്ങിൽ തണൽ ചീഫ് മെഡിക്കൽ ഓഫീസറും കൺസൾട്ടന്റ് ഫിസിയാട്രിസ്റ്റുമായ ഡോ. ജസ്ന സ്വാഗതം ആശംസിച്ചു. ഇന്ദ്രാശ്മി ഫൗണ്ടേഷൻ സ്ഥാപക ഡയറക്ടർ അശ്വിനി വശിഷ്ഠ് ഉദ്ഘാടനം നിർവഹിച്ചു.

തണൽ കമ്മിറ്റി അംഗങ്ങളായ സുബൈർ മണലോടി, മഞ്ജു സുനിൽ, തണൽ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പൽ അലീന, പ്രിപ്പറേറ്ററി സ്കൂൾ ഇൻചാർജ് അഖില എന്നിവർ ആശംസകൾ അർപ്പിച്ചു. ഇന്ദ്രാശ്മി ഫൗണ്ടേഷൻ പ്രോജക്ട് കോ-ഓർഡിനേറ്റർ ബിജു കെ. ആർ. നന്ദി രേഖപ്പെടുത്തി.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള സി.ഇ.പി.എല്ലിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ നടപ്പാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും വലിയ പിന്തുണയാണെന്നും അവരുടെ കുടുംബങ്ങൾക്ക് ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

പരിപാടിയിൽ അധ്യാപകർ, രക്ഷിതാക്കൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, കാലിക്കറ്റ് എക്സ്പ്രസ്‌വേ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.