ഗാർഹിക പാചകവാതക സിലിണ്ടർ ബുക്കിങ്ങിൽ ഇളവ്; ഇടവേള 45 ദിവസത്തിൽ നിന്ന് 25 ആയി

ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യുന്നതിനുള്ള ഇടവേള കേന്ദ്ര സർക്കാർ കുറച്ചു. ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കൾക്ക് ബാധകമായിരുന്ന 45 ദിവസത്തെ ഇടവേള 25 ദിവസമായി കുറച്ചാണ് പുതിയ തീരുമാനം. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്കും ഇനി 25 ദിവസത്തിന് ശേഷം അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാം.

എൽപിജി വിതരണ സാഹചര്യം മെച്ചപ്പെട്ടതും റീഫിൽ ബാക്ക്‌ലോഗ് ഗണ്യമായി കുറഞ്ഞതുമാണ് നിയന്ത്രണത്തിൽ ഇളവ് വരുത്താൻ കാരണം. കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപിയാണ് തീരുമാനം അറിയിച്ചത്. എണ്ണ വിപണന കമ്പനികൾക്ക് മാറ്റം ഉടൻ നടപ്പാക്കാൻ പെട്രോളിയം മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.