ഇംപൾസ് 2024 സമാപിച്ചു

കോഴിക്കോട്: ആസ്റ്റർ മിംസ് ആശുപത്രിയുടെ നേതൃത്വത്തിൽ ഇൻ്റേണൽ മെഡിസിൻ വിഭാഗം ഡോക്ടർമാരുടെ കോൺക്ലേവ് ‘ഇംപൾസ് -2024’ സമാപിച്ചു.13ഓളം വിഷയങ്ങളിലായി വ്യത്യസ്ഥ പ്രബന്ധങ്ങളിൽ മലബാറിലെ വിവിധ ആശുപത്രികളിലെ ഇരുനൂറോളം ഡോക്ടർമാർ പങ്കെടുത്തു. ആസ്റ്റർ മിംസ് അക്കാദമിക് വിഭാഗം മേധാവി ഡോ. പികെ ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ ജി സജിത് കുമാർ ഉദ്ഘാടനം ചെയ്തു. ന്യൂതന ചികിത്സാ രീതികൾ ഗ്രാമീണ മേഖലകളിൽ കൂടുതൽ വേഗത്തിലും ഫലപ്രദവുമായി എത്തിക്കാൻ ആവശ്യമായ കാര്യങ്ങളെ കുറിച്ച് ചടങ്ങിൽ വിശദമായി ചർച്ച ചെയ്തു. കോൺക്ലേവിനോട് അനുബന്ധിച്ച് പിജി വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ക്വിസ് മത്സരത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ.ആൻ്റണി ജേസൺ & ഡോ.സിദ്ധാർത്ഥ് ടീം ഒന്നാം സ്ഥാനവും, തൃശ്ശൂർ അമല ഇൻസ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോ.അലോക് മോഹൻ & ഡോ.സ്റ്റീഫൻ ടീം രണ്ടാം സ്ഥാനവും, കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോ.അലക്സ് തോമസ് & ഡോ. അധിനാഥ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ചടങ്ങിന് ഡോ. പി എം ഹംസ, ഡോ.രമേശ് ഭാസി, കോഴിക്കോട് മിംസ് ആശുപത്രി സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത്, ഡോ. ദീപിൻ കുമാർ പി യു, ഡോ. രഞ്ജിമ സി എം തുടങ്ങിയവർ നേതൃത്വം നൽകി.