കാസര്‍കോട്-തിരുവനന്തപുരം ദേശീയപാത ഈ വര്‍ഷം പൂര്‍ത്തിയാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് : ഈ വര്‍ഷം ഡിസംബറില്‍ കാസര്‍കോട്-തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ നിർമാണം പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ഇതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ സംസ്ഥാനത്തിൻ്റെ മൊത്തം വികസനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

“എൽഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോൾ കേരളത്തിലേക്ക് വരുന്ന സഞ്ചാരികളില്‍ മലബാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നു. ഇന്ന് മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നു” മന്ത്രി പറഞ്ഞു.സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാര്‍ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയോര പാതയും തീരദേശ പാതയും ദേശീയ പാതയ്ക്ക് ഒപ്പം പൂര്‍ത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരുമെന്നും അമ്പത് കിലോമീറ്റർ ഇടവേളയില്‍ വിശ്രമ സംവിധാനമുള്‍പ്പെടെയാണ് തീരദേശ പാത വരുന്നതെന്നും മന്ത്രി പറഞ്ഞു.

ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളുമായല്ലെന്നും,മത്സരം വിദേശ രാജ്യങ്ങളുമായാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.