ഇൻസ്റ്റഗ്രാം റീലുകളുടെ ദൈർഘ്യം വർധിപ്പിച്ചു; റീൽസ്‌ പ്രേമികൾക്ക് സന്തോഷ വാർത്ത

ഹൈദരാബാദ്: പുത്തൻ അപ്‌ഡേറ്റുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം. റീൽസുകളുടെ ദൈർഘ്യം 3 മിനിറ്റായി വർധിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇപ്പോൾ. മുൻപ് 90 സെക്കൻഡ് മാത്രം ദൈർഘ്യമുണ്ടായിരുന്ന റീൽസുകൾ ഇനി 3 മിനിറ്റ് വരെ ദൈർഘ്യത്തിൽ കാണാനാവും. ഇൻസ്റ്റഗ്രാം മേധാവി ആദം മോസ്സെരിയാണ് പുതിയ അപ്‌ഡേഷൻ പ്രഖ്യാപിച്ചത്.

ഇൻസ്റ്റാഗ്രാം ഉപയോക്താക്കളുടെയും റീൽസ് ക്രിയേറ്റേഴ്‌സിന്‍റെയും നിരന്തരമായ ആവശ്യം പരിഗണിച്ചാണ് റീൽസിന്‍റെ ദൈർഘ്യം വർധിപ്പിച്ചതെന്ന് ആദം മോസ്സെരി പറഞ്ഞു. മുൻപ് ഹ്രസ്വ-വീഡിയോ മാത്രം അപ്‌ലോഡ് ചെയ്യുന്ന ഈ ഫ്ലാറ്റ്‌ഫോം ഇതോടെ ഈ വിഭാഗത്തിൽ നിന്നും മാറുകയാണ്. ഇനി മുതൽ യൂട്യൂബ് ഷോർട്‌സിന് സമാനമായി കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ കാണാനാകും. ഇതോടെ ഇൻസ്റ്റാഗ്രാം വീഡിയോ ക്രിയേറ്റേഴ്‌സിന് കൂടുതൽ ദൈർഘ്യമുള്ള കണ്ടന്‍റുകൾ ഇഷ്‌ടത്തിനനുസരിച്ച് നിർമ്മിക്കാനാകും. കൂടാതെ റീൽസ് കാണുന്നവർക്ക് അവരുടെ ഇഷ്‌ടമുള്ള കണ്ടന്‍റിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കും.

മുൻപ് ഇൻസ്റ്റഗ്രാമിൽ 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ റീൽസായി അപ്‌ലോഡ് ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ പുതിയ അപ്‌ഡേറ്റ് വരുന്നതോടെ മൂന്ന് മിനിറ്റ് ദൈർഘ്യത്തിൽ അപ്‌ലോഡ് ചെയ്യാനാവും. പ്രൊഫൈൽ ഗ്രിഡുകളിലും പുതിയ അപ്‌ഡേറ്റ് വരുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപാണ് യൂട്യൂബ് ഷോർട്ട്‌സിന്‍റെ ദൈർഘ്യം വർധിപ്പിച്ചത്. ഇപ്പോൾ മൂന്ന് മിനിറ്റ് വരെ ദൈർഘ്യത്തിൽ ലഭിക്കുന്ന യൂട്യൂബ് ഷോർട്ട്‌സിന്‍റെ ദൈർഘ്യം മുൻപ് 60 സെക്കൻഡ് മാത്രമായിരുന്നു.

ദൈർഘ്യം വർധിപ്പിച്ചതിന് പിന്നിലെന്ത്‌?

വീഡിയോ ഷേയറിങ് പ്ലാറ്റ്‌ഫോമായ ടിക്‌ ടോക്കിൽ 60 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ ഉപഭോക്താക്കൾക്ക് കഴിയും. യുഎസിൽ ടിക്‌ടോക് നിരോധനം വരാനിരിക്കെയാണ് ഇൻസ്റ്റഗ്രാമിൽ ഈ മാറ്റങ്ങൾ കൊണ്ടുവരുന്നത്. അതേസമയം ഉപയോക്താക്കളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് തീരുമാനമെന്നാണ് മോസ്സെരി പറയുന്നത്.എന്നാൽ 60 മിനിറ്റ് വരെ ദൈർഘ്യത്തിൽ വീഡിയോകൾ അപ്‌ലോഡ് ചെയ്യാവുന്ന ടിക്‌ടോക്കിനെ എതിരിടാൻ ഇൻസ്റ്റാഗ്രാമിന് കഴിയുമോ എന്നത് സംശയമാണ്. ജോ ബൈഡൻ സർക്കാരാണ് ടിക്‌ ടോക്കിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ടിക്ക് ടോക്ക് നിരോധനം താൻ സ്ഥാനമേറ്റയുടൻ മരവിപ്പിക്കുമെന്നാണ് നിയുക്ത പ്രസിഡന്‍റ് ടൊണാൾഡ് ട്രംപ് അറിയിച്ചത്.