ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താൽ കേസെടുക്കില്ല. മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങൾ മറ്റുള്ളവർക്ക് ഓടിക്കാൻ കൊടുത്താൽ കേസെടുക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞത് ഭാര്യയുടെ വണ്ടി ഭർത്താവ് ഓടിച്ചാൽ അറസ്റ്റ് ചെയ്യുമെന്നല്ലെന്ന് മന്ത്രി പറഞ്ഞു. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വണ്ടി കൊടുക്കുന്നതാണ് കുറ്റകരമെന്നും മന്ത്രി വ്യക്തമാക്കി.ഭാര്യയ്ക്കും അനിയനും ചേട്ടനും സുഹൃത്തിനുമൊക്കെ വണ്ടിയോടിക്കാൻ കൊടുത്താൽ കേസെടുക്കില്ല. പണം പറ്റി ഒരു ബന്ധവുമില്ലാത്ത ആളുകൾക്ക് വണ്ടി കൊടുക്കുന്നതിനെ കുറിച്ചാണ് പറഞ്ഞത്. പൈസ തരാനുള്ള ആളുടെ വണ്ടി പിടിച്ചുവച്ച ശേഷം ഓടിക്കാൻ കൊടുക്കുന്നതും അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. വായ്പ കൊടുത്തിട്ട് അടവ് മുടങ്ങിയാൽ വണ്ടി പിടിച്ചുവെയ്ക്കുന്ന പതിവുണ്ട് നാട്ടിൽ. എന്നിട്ട് ആ വണ്ടി നാട്ടുകാർക്ക് മുഴുവൻ കൊടുക്കും. അതിൽ ചാരായവും കഞ്ചാവുമൊക്കെ കടത്തും. അത്തരം കാര്യങ്ങൾ അനുവദിക്കില്ലെന്ന് മന്ത്രി ഗണേഷ് കുമാർ വിശദീകരിച്ചു.