വിലാപയാത്ര ഇല്ല, സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ എംടിയുടെ സംസ്‌കാര ചടങ്ങുകള്‍ 5 മണിക്ക്.

കോഴിക്കോട്: എം.ടി.വാസുദേവൻ നായർക്ക് ഔദ്യോഗിക ബഹുമതിയോടെ വിട നല്‍കാനൊരുങ്ങി കേരളം. ഔദ്യോഗിക ബഹുമതി നൽകണമെന്ന സർക്കാരിന്‍റെ നിർദേശം കുടുംബം അംഗീകരിച്ചു. വൈകീട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

എംടിയുടെ ആഗ്രഹ പ്രകാരം വിലാപയാത്ര ഇല്ലാതെയാകും അവസാന യാത്ര. കോഴിക്കോട് നടക്കാവിലെ ‘സിതാര’യില്‍ പൊതുദര്‍ശനം നടക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയിൽ എത്തി എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.

മലയാളത്തിന്‍റെ അക്ഷര വെളിച്ചത്തിന് ആദരം അര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബത്തെ ആശ്വസിപ്പിച്ചു. സമൂഹത്തിന്‍റെ നാനാതുറകളില്‍ നിന്നുളളവര്‍ എംടിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കുകയാണ്. രാത്രി പന്ത്രണ്ടു മണിയോടെയാണ് എംടിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് സിതാരയിലേക്ക് കൊണ്ടുവന്നവീടിന് പുറത്തെ പൊതുദര്‍ശനവും മോര്‍ച്ചറി വാസവും വേണ്ടെന്ന എംടിയുടെ ആഗ്രഹം കുടുംബം അനുസരിച്ചു. രാത്രിയിലെ ഇരുട്ടിലും എംടിയുടെ ആത്മാവ് തനിച്ചായിരുന്നില്ല. നന്ദി പകരാൻ നഗരം രാത്രി സിതാരയിലെത്തി. രാഷ്ട്രീയക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും സാധാരണക്കാരും എംടിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഒഴുകിയെത്തി. കഥയുടെയും കഥാപാത്രത്തിന്‍റെയും സൃഷ്‌ടാവിനു മുന്നില്‍ കുട്ട്യേടത്തി വിലാസിനി കണ്ണീരോടെയാണ് പ്രണാമം അര്‍പ്പിച്ചത്.